ഐടിആര്‍ ഫയലിംഗിന്റെ സമയപരിധി നീട്ടി: 2025 സെപ്റ്റംബര്‍ 15 വരെ അവസരം
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ITR) ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. 2025 സെപ്റ്റംബര്‍ 15 വരെ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഐടിആര്‍ ഫോമുകളിലെ പരിഷ്‌കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇ-ടാക്‌സ് ഫയലിങ് പ്രക്രിയ ലളിതമാക്കുകയും, സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. ഫോമുകളുടെ ഓണ്‍ലൈന്‍ എക്‌സല്‍ യൂട്ടിലിറ്റികള്‍ വികസിപ്പിക്കുന്നതിനും വിശദമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും അധികസമയമാവശ്യമായതിനാല്‍ സമയപരിധി നീട്ടിയതായും സിബിഡിടി വ്യക്തമാക്കി. പുതിയ സമയക്രമം എല്ലാ നികുതിദായകര്‍ക്കും സുഗമവും കൃത്യവുമായ ഐടിആര്‍ ഫയലിംഗിന് സഹായകരമാവുമെന്നും അധികൃതര്‍ പറഞ്ഞു.